Friday, December 29, 2006

സാക്ഷരന്‍

അക്കങ്ങള'ക്ഷരങ്ങളും ചവച്ചു തുപ്പിത്തുപ്പി എന്‍ നാവിന്നു രസഭേദമില്ലാതെയായ്‌
പിച്ച വെയ്ക്കും മുമ്പേ പച്ചപ്പുറമുള്ള പുസ്തകത്തിലെന്നെ കെട്ടിയിട്ടു
ആ താളുകളിലെയക്ഷരവേതാളമെന്നെ,ക്കാര്‍ന്നു തിന്നു തിന്നേ കൊഴുത്തു

പാഠങ്ങളൊന്നൊന്നായോതിത്തുടങ്ങി ഞാന്‍ പാടത്തെപ്പാട്ടു കേള്‍ക്കാതെ
ആഴിയെക്കാണാതെ,യൂഴിയും കാണാതെ അക്ഷരമാലയിലന്തിയുറങ്ങി ഞാന്‍

ധരയുടെ ചരിത്രവും 'ധ്വര'യുടെ കവിതയും ചുട്ടുപഴുത്തൊരാ ശാസ്ത്രസത്യങ്ങളും
മോദകമാക്കിയെന്‍ നാക്കിലയില്‍ത്തന്നു പെരുമ പെരുത്തോരു കലാലയങ്ങള്‍

ബിരുദ സമ്പത്തു നിറച്ച മാറാപ്പുമായൊരു ദിനം ഞാനാ പടിയിറങ്ങി
കലി കാലത്തിലേക്കു നടയിറങ്ങി

എല്ലു തുളയ്ക്കും തണുപ്പിലൂടെ,യുള്‍ക്കണ്ണും തകര്‍ക്കും കൂരിരുട്ടിലൂടെന്‍
നാഭിച്ചരടും വലിച്ചിഴച്ച്‌ തോളത്താ മാറാപ്പുമേന്തി ഞാന്‍ നട തുടര്‍ന്നു

ഒടുവിലാ വീധിതന്‍ മറുകരെയെത്തി,ത്തരിവെട്ടത്തിന്നായി ഞാന്‍ കാത്തിരിയ്ക്കെ
ഒരു മിന്നാമിനുങ്ങിന്റെ വാല്‍ത്തീയിലിന്നെന്റെ മാറാപ്പു കത്തിജ്ജ്വലിച്ചിടുന്നു

ആത്തരി വെട്ടത്തില്‍ കാണുന്നു ഞാനെന്റെ സ്വപ്നത്തിലേയ്ക്കുള്ള വഴിത്താരകള്‍
ആ ചുടുചാരമെന്‍ പാഥേയമാക്കി തുടങ്ങുകയാണെന്റെ മല കയറ്റം.




---------------------------------------------------
സമര്‍പ്പണം: കമ്പ്യൂട്ടര്‍ ഗേംസിലും കാര്‍ട്ടൂണ്‍ ചാനല്‍സിലും ചിന്തകളെയും സങ്കല്‍പ്പങ്ങളെയും തളച്ചിടാന്‍ വിധിയ്ക്കപ്പെട്ട എന്‍.ആര്‍.ഐ കുഞ്ഞുങ്ങള്‍ക്ക്‌
.